2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

സാധ്യതകളുടെ തെരുവ്


അധികം വലുതല്ലാത്തൊരു തെരുവിലെ ഇരുട്ടു വിഴുങ്ങികിടക്കുന്ന ഒരു ചെറിയ ഗലിയിൽ നിന്നാണ്‌ അയാൾ ഓടിവന്ന്‌ നിരത്തിലെ നിയോൺ വെളിച്ചത്തിനു കീഴിൽ വന്നത്‌. അയാൾ വല്ലാതെ അണയ്ക്കുന്നുണ്ട്‌. ഒരുപാട്‌ ദൂരം ഓടിവന്നതു പോലേയാണ്‌ അയാൾ കിതയ്ക്കുന്നത്‌.ഒരുപക്ഷേ അയാൾ ചില പിടിച്ചുപറിക്കാരിൽനിന്ന്‌ രക്ഷപെട്ടോടി വരുന്നതായിരിക്കും. ചിലപ്പോൾ അയാൾ തന്നെ ഒരു പിടിച്ചുപറിക്കാരനാവാനും സാധ്യതയുണ്ട്‌.അതുമല്ലെങ്കിൽ അയാളൊരു കലാപത്തിൽനിന്ന്‌ ഓടിരക്ഷപെട്ട്‌ വരുന്നതായിരിക്കും.അങ്ങിനെയല്ലെങ്കിൽ അയാൾ തന്നെ ഒരു കലാപകാരിയാകാനും ഇടയുണ്ട്‌. എല്ലാം ചില സാധ്യതകൾമാത്രം. എന്തായാലും അയാൾ ധരിച്ചിരുന്നത്‌ മുഷിഞ്ഞ ജീൻസും ടീഷർട്ടുമായിരുന്നു.രണ്ടുദിവസം മുൻപേ ഷേവുചെയ്തപോലത്തെ മുഖവും. വേണമെങ്കിൽ അയാൾക്ക്‌ താടി നീട്ടി വളർത്തി നീളൻകുപ്പായമണിയാമായിരുന്നു.അതല്ലെങ്കിൽ അയാൾക്ക്‌ നെറ്റിത്തടത്തിൽ നീളത്തിലൊരു കുങ്കുമക്കുറിയും കാവിവസ്ത്രവും ആകാമായിരുന്നു. അതും മറ്റു ചില സാധ്യതകൾ തന്നെ. എന്നാൽ ഈ വെപ്രാളത്തിനിടയിലും അയാളുടെ മുഖത്തൊരു ഗ്രഹാതുരത തങ്ങിനില്ക്കുന്നുണ്ട്‌.

വെയിലുരുകികിടക്കുന്ന ആ നാട്ടുവഴിയിൽനിന്ന്‌ പഴമ മണക്കുന്ന ആ വീടിന്റെ ഇടിഞ്ഞുതുടങ്ങിയ പടിപ്പുര കടന്ന്‌ പോകുന്നത്‌ അയാളുടെ അച്ഛനായിരിക്കും. മുറ്റത്ത്‌ പനമ്പിലുണങ്ങുന്ന നെല്ലു ചിക്കുന്നത്‌ മിക്കവാറും അമ്മയായിരിക്കും.വീട്ടിലേക്കു ചെല്ലുന്ന അച്ഛൻ പറയുന്നത്‌ കോൾപടവിൽ വന്ന മില്ലുകാരുടെ ധാർഷ്ട്യത്തെപറ്റിയായിരിക്കും. അല്ലെങ്കിൽ നഗരത്തിൽ ഉണരുന്ന കലാപത്തിന്റെ നാൾവഴികളായിരിക്കും. അമ്മയ്ക്കു പറയാനുള്ളത്‌ പെരുമലയിലെ ശിവന്റെ അമ്പലത്തിലെ മറന്നുപോയ വഴിപാടുകളായിരിക്കും അതല്ലെങ്കിൽ മറന്നു പോയൊരു ജാറം മൂടലോ അതുമല്ലെങ്കിൽ സെബസ്ത്യാനോസ്‌ പുണ്യാളന്റെ അമ്പെടുത്തു വെക്കലായിരിക്കും. എല്ലാം ഒരോ സാധ്യതകൾ മാത്രം. അതിനപ്പുറം അമ്മ ആലോചിക്കുന്നത്‌ അവളെ പറ്റിയായിരിക്കും

അവളിപ്പോൾ മഹാരാജാവിന്റെ നാമധേയത്തിലുള്ള പട്ടണത്തിലെ കോളേജിൽ ചരിത്രക്ലാസ്സിലിരിക്കുകയായിരിക്കും. കഥകൾ ചരിത്രമാകുന്ന നിർമിതികൾ കാണാപാഠം പഠിക്കുകയാവും. അതുമല്ലെങ്കിൽ നഗരത്തിലെ ഏതോ ഉദ്യാനത്തിൽ കൂട്ടുകാർക്കൊപ്പം വെറുതെയിരുന്ന് കലപില കൂട്ടുകയായിരിക്കും. ചിലപ്പോൾ കോളേജിലെ ലൈബ്രറിയിലെ ഇടനാഴിയിലെ മൗനത്തിന്റെ നിഴലുകളാൽ അലോസരപെട്ട് പി ജി യിലെ ബുദ്ധിജീവിനാട്യക്കാരനെന്ന് അവൾതന്നെ വിശേഷിപ്പിക്കാറുള്ള ഒരുവനുമായി ബുദ്ധമത നിഷ്കാസനത്തെപറ്റി കുശുകുശുക്കുകയാവും. ഇതെല്ലാം പലപല സാധ്യതകൾ തന്നെ.

ഇങ്ങനെയിരിക്കലും ജാരനെന്ന് പേരുള്ള അവൻ ചിന്തിക്കുന്നത് മിക്കവാറും വൈകുന്നേരത്തെ രഹസ്യ മീറ്റിങ്ങിനെ കുറിച്ചാവും. അതല്ലെങ്കിൽ അതിനുശേഷം നടക്കുന്ന പരിശീലന ക്ലാസ്സിനെ പറ്റിയായിരിക്കും. വെയിലൊതുങ്ങി വരുന്നേയുള്ളൂ എങ്കിലും ഇരുട്ട്‌വീഴാൻ തുടങ്ങിയ ആ വാഴതോപ്പിൽ ഒരു കൂട്ടത്തിന്റെ കൂടെയിരിക്കുമ്പോഴും ജാരനെന്ന് പേരുള്ള അവൻ വീണുപോകുന്ന ചിന്തയുടെ ആഴങ്ങളിൽ ഒരുപക്ഷേ ഒരു പൊൻപുലരിയുടെ ഇളവെയിൽ ചെരിഞ്ഞ് വീഴുന്നുണ്ടായിരിക്കാം. ഒരു മിന്നായം പോലെ വീശുന്ന വാൾതലപ്പുകളിൽനിന്നൊരു ശീല്ക്കാരം മിന്നലായി സകലമാന ദുരിതങ്ങളേയും കരിച്ചുകളയുമെന്നൊരു സ്വപ്നം അവൻ കാണുന്നുണ്ടാകാം. അതല്ലെങ്കിൽ ചിലപ്പോൾ ലൈബ്രറിയുടെ ഇടനാഴികളിലെ ജൈവികതയുടെ കുശുകുശുക്കലുകളിൽ മനം മറന്നിരിപ്പാവാം. എല്ലാം ചില സാധ്യതകൾ തന്നെ.

അപ്രകാരമൊരു അനന്തസാധ്യതാ പഠനത്തിനൊടുവിലായിരിക്കണം നിയോൺവെളിച്ചത്തിൽ നിന്നിരുന്ന അയാളുടെ നേർക്ക് ഞാൻ ചെല്ലുന്നത്‌. അപ്പോഴെന്റെ മുഖത്തുണ്ടായിരുന്നത് ഒരു പോക്കറ്റടിക്കാരന്റെ സ്വതസിദ്ധമായൊരു നിസംഗതയാവും. അതല്ലെങ്കിൽ ഒരു കൊലപാതകിയുടെ വിഭ്രാതമകമായൊരു ഭീതിയായിരിക്കും. ഏതൊരു ഭാവമായിരുന്നാലും അതിൽ പരമാവധി വശ്യത സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നിരിക്കണം. ആ വശ്യതയിലായിരിക്കണം ഞാനും അയാളും പരസ്പരം മറന്ന് പോയത്. ആ വശ്യതയിലായിരിക്കണം കരളിനെ പിളർന്നൊരു മിന്നലിനൊടുവിൽ നട്ടെലിലൊരു കത്തിമുനയുടെ കിരുകിരിപ്പാണോ അതോ കത്തിപിടിയിൽനിന്ന് കൈകളിലൂടെ മുകളിലേക്ക് കയറുന്ന ഒരു വിറയലിനുശേഷം മുഖത്തേക്ക് തെറിച്ച് ചുണ്ടുകളിലൂടെ ഒഴുകിയ ചുവപ്പിന്റെ കനപ്പാണോ ആദ്യം സംഭവിച്ചതെന്ന് മനസ്സിലാവാതെ പോയത്.

ഇതും ചില സാധ്യതകൾ മാത്രം എന്ന് മനസ്സിലാക്കുന്നിടത്ത് വെച്ചായിരിക്കും അയാൾ കൈകൾ വീശി വെളിച്ചത്തിലേക്ക് പോയതും ഞാൻ ഇരുട്ടുവീണ ഇടുങ്ങിയ ഗലിയിലേക്ക് തുടർന്നതും.

(Picture courtesy : JAGAN's PHOTOGRAPHY)

7 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

സാധ്യതകളുടെ തെരുവ്...

ajith പറഞ്ഞു... മറുപടി

സാദ്ധ്യതകളുടെ അനന്തസാദ്ധ്യതകളിലേക്ക് രക്ഷപ്പെടല്‍

Yasmin NK പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു ഈ സാധ്യതകൾ, അഭിനന്ദനങ്ങൾ.

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു... മറുപടി

ഓരോന്നിന്റെയും കാര്യകാരണങ്ങളിലേക്കും പശ്ചാത്തലത്തിലേക്കും നാമെത്തുന്നത് ഇത്തരം ചില സാധ്യതകളുടെ ആലോചനകളിലൂടെ തന്നെയാണ്. അതിലെത്ര കണ്ട് സർഗ്ഗാത്മകനാകാൻ സാധിക്കുന്നോ അത്രയും മനോഹരമായൊരു ചിത്രം വരയാൻ അയാള്ക്കാകും. അതിനിയൊരു നുണയായാൽ പോലും.!

പിന്നെ, ബാവയെ വായിക്കുന്ന പോലെ തോന്നിച്ചു എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ... ആശംസകൾ.

kharaaksharangal.com പറഞ്ഞു... മറുപടി

എല്ലാം സാധ്യതകൾ തന്നെ.

ഉദയപ്രഭന്‍ പറഞ്ഞു... മറുപടി

സ്വന്തം സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളും ഭാവങ്ങളും സാദ്ധ്യതകള്‍ക്ക് വിട്ടുകൊടുക്കണമായിരുന്നോ?

AnuRaj.Ks പറഞ്ഞു... മറുപടി

സാധ്യതകള്‍ ഒരു വേള വെറും സാധ്യതകള്‍ മാത്രമായിരിക്കാനും,അങ്ങനെയല്ലാതിരിക്കാനും സാധ്യതയുണ്ടല്ലോ....