2011, ഡിസംബർ 3, ശനിയാഴ്‌ച

പുഴയിലേക്കിറങ്ങിപ്പോയവർ..



മഴ പെയ്തുകൊണ്ടേയിരുന്നു
അസ്തിത്വവ്യഥകളുടെ പുറംതോടുകളേറെ
കഴുകിയുരച്ച് വെളുത്തുപോയ
ഒതുക്കുകല്ലുകളിലിരുന്ന്
നാം ഊതിപറത്തിയ
നിലാവിന്റെ ചുരുളുകൾ
മഴനാരുകളിൽ തൂങ്ങി
ഉയരങ്ങളിലേക്കലിയുന്നുണ്ടായിരുന്നു.
പുഴയിലെ ഒഴുക്കിനും മാറ്റമില്ല
കറങ്ങിത്തിരിഞ്ഞ് ഉള്ളിലേക്കെടുത്ത്
ഒന്നുമറിയാത്തപോലെ ഒറ്റപോക്ക്.

നിനക്കെന്നോട് പറയാനുള്ളതെല്ലാം
കേഴ്ക്കാൻ ഇന്നലേയും
വന്നിരുന്നു ഞാനവിടെ..
നമ്മുടെ ചിറയിൽ.
അടിത്തട്ടിലെ പാറക്കൂട്ടങ്ങൾക്കിടയിലെ
മരവിച്ച ഇരുട്ട് നിന്നിലെ
വെളിച്ചത്തിലേക്കു നടത്തിയ
അധിനിവേശത്തെക്കുറിച്ച്,
ആഴങ്ങളിലെ കൊടുംതണുപ്പ്
നിന്നിലെ അഗ്നിയെ
കെടുത്തിയതിനെപറ്റി,
സ്വപ്നങ്ങൾ ഉറഞ്ഞുപോയി
പാതിയടഞ്ഞ മീൻകണ്ണുകളെപറ്റി,
കേഴ്ക്കാനാഗ്രഹിച്ച കഥകൾക്കുമീതെ
ഒഴുകുന്ന നിന്റെ മൌനം.

ഹാ,,രഞ്ചിത്ത്...പ്രിയ സുഹൃത്തേ..
ഇനി നീ കേഴ്വിക്കാരനാകുക
ഞാൻ കഥയും.
ചെവികൾക്ക് തിരച്ഛീനമായി
തലയോട്ടിക്കുള്ളിലൂടെ പാഞ്ഞ
അഗ്നിപ്രവാഹത്തെപറ്റി പറയാൻ
ഞാൻ നാളെ വരാം....

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വരിമുറിഞ്ഞുപോയത്...

വരിമുറിഞ്ഞു പോയവരെ പറ്റി
പറയുംമ്പോൾ
ഉറുമ്പുതീനികളുടെ
നാവ് നീണ്ട് നീണ്ട്
ഇടുങ്ങിയ ഗുഹാമുഖങ്ങൾ
കടന്ന് വഴിത്താരകൾ
നിറയുന്നു.

അജഗണങ്ങൾക്ക് പിറകെ
നടന്നൊരാൾ കാണാതെപോയതൊന്നിനെ
തേടി അലയുന്നു.
കൊട്ടാരകെട്ടിന്റെ നിറവിന്റെ
ഇടനാഴിയിൽനിന്നൊരാൾ
ബോധിമരത്തിന്റെ
നിർമ്മമതയിലേക്ക് കടന്നിരിക്കുന്നു.
കാടിന്റെ വന്യമായ
താളം മറന്നൊരാൾ
ക്രൌഞ്ചപക്ഷിയുടെ രോദനം
കേഴ്ക്കുന്നു.
മരുക്കാട്ടിലെ മരുപ്പച്ചകൾ
തേടിയലഞ്ഞവർക്കിടയിൽനിന്നൊരാൾ
മാനവികതയുടെ സന്ദേശവുമായെത്തുന്നു.

വരിമുറിഞ്ഞുപോയവരെ കുറിച്ചു
പറയുമ്പോൾ-
വരിയുടഞ്ഞവരും വരിയിലില്ലാത്തവരും
വരിയിലേക്കു കടന്നിരിക്കുമ്പോൾ
ഉയരുന്ന ചരിത്രത്തിന്റെ
നിലവിളി
മാതൃഹൃദയങ്ങളിൽ
കനൽകോരിയിട്ട്
മാറിടങ്ങളിൽ ഇനിയും ഉണങ്ങാത്ത
ഉമിനീരവശേഷിപ്പിച്ച്
പടനിലങ്ങളിലേക്ക്
തോളെല്ലുയർത്തി കടന്നുപോയവരെ
ഒട്ടും അലോസരപെടുത്തുന്നില്ല പോലും.....

2011, ജൂലൈ 2, ശനിയാഴ്‌ച

ഇവിടെ ഇങ്ങിനെ ഒരു മരം.

പണ്ട്
ഇവിടെയൊരു മരം
തീ നിലാവിന്റെ കമ്പിളിപുതച്ച്
ഗതകാലത്തിന്റെ പശിമയുള്ള
മണ്ണടരുകൾക്കടിയിൽ
കറുകറുത്ത കൊഴുകൊഴുത്ത
ഉഷ്ണരക്തം ഒഴുക്കുന്ന
കരിക്കട്ടയായി.

പിന്നെ
വെട്ടിയരിഞ്ഞ് അരച്ച്
പൾപ്പാക്കി നെയ്ത്
വിരഹത്തിന്റെ കണ്ണുനീരിൽ
നനഞ്ഞു കുതിർന്ന്.

ഇന്ന്
ചില്ലകളിൽനിന്നും
തായ്ത്തടിയിലേക്കു വരച്ച
നേർരേഖയിലൂടെ
ഹൃദയത്തിന്റെ തരംഗങ്ങളായി
മക്കളെത്തുമ്പോൾ
മന്ദമാരുതനാൽ ഒന്നുലഞ്ഞ്
ചെറുതായി പെയ്ത്
അങ്ങിനെ ചന്നം പിന്നം-

പിന്നിട് അവളെത്തുമ്പോൾ
രൗദ്രകാമനകളുരഞ്ഞ്
പുറംതോടടർന്ന്
ശിഖിരങ്ങളിൽ തീ പടർത്തി
മരുഭൂമിയിലൊരു തീ മരമായി-

അതിനുമപ്പുറം
തലപെരുപ്പിക്കുന്ന ന്യായങ്ങളുമായി
അമ്മയെത്തുമ്പോൾ
വിറച്ചുതുള്ളി
കൊടുംങ്കാറ്റായി ആഞ്ഞടിച്ച്
അവസാനം അരിവാൾതോട്ടിയാൽ
സ്വയം മുറിപ്പെട്ട്-

അനന്തരം
ദുഃഖവെള്ളിയുടെ
വീണടിഞ്ഞ കറുത്തകുരിശുമായി
വിലാവിലെ മുറിപ്പാടുമായി
ദുഃഖശനിയുടെ നൈര്യന്തര്യത്തിലേക്ക്
ഉയിർക്കപെട്ട്-

മരം ഒരുമരമായിങ്ങനെ
ഇലകൾ പൊഴിച്ച്
ആകാശത്തിലേക്കു നീട്ടിയ
ശിഖരങ്ങളുമായി
ഒരു തീ മിന്നലിനെ
കാത്ത് എത്രനാൾ??

2011, ജൂൺ 1, ബുധനാഴ്‌ച

വിലാപങ്ങളുടെ മരുഭൂമി

വായനശാലയുടെ
മതിലിലേക്ക് ചാഞ്ഞുനില്ക്കുന്ന
പൂമരത്തോട് ചാരിയിരുന്നാൽ
നേരേ കാണുന്നത്
ജോസേട്ടന്റെ പെട്ടികട.

പൂമരച്ചോട്ടിൽ ഒഴുകിപരന്ന
രുധിരശോണിമയിൽ
കൗമാരത്തിന്റെ അസുരതാളം
ചെമ്പടയിൽനിന്ന് കൊട്ടികയറുമ്പോൾ..
ജോസേട്ടാ..ഒരു കെട്ട് വെള്ള കാജാ...
പിന്നൊരു പോപ്പിൻസും.
ഭരണിയിലേക്ക് സഞ്ചരിച്ച
കൈ ചോക്ലേറ്റ് റാക്കിനടിയിൽ
ഒരു നിമിഷം
അലിഞ്ഞില്ലാതായിപോയോ..

പതികാലം കഴിഞ്ഞ്
കൗമാരത്തിന്റെ അടന്തക്കൂറ്‌
എൽ പി സ്കൂളിലെ
ശങ്കരൻ മാഷ്ടെ നാലാം ക്ലാസിലെ
ബ്ലാക്ക് ബോർഡിലെ ഇരുട്ടിനൊപ്പം
പതിഞ്ഞ താളത്തിൽ
ഗ്ലാസുകളിൽ നിറയുമ്പോൾ
അഴികളില്ലാത്ത ജനാലപടിയിലിരുന്ന്
മഴയുടെ തണുപ്പിലേക്ക്
കൈകൾ നീട്ടുമ്പോൾ
നിസ്സഹായതയുടെ
നിന്റെ കണ്ണുനീർ
എന്റെ കൈവിരലുകളെ
പൊള്ളിച്ചിരുന്നു
കൊട്ടികലാശത്തിന്റെ പെരുക്കങ്ങൾ
മരവിച്ചിരുന്നു
ഇന്ന് ആദ്യത്തെ
ചിയേഴ്സ് വിളിക്കാൻ
ഞാനെന്തേ മറന്നുപോയോ..

വിലാപങ്ങളുടെ ഈ മരുഭൂവിൽ
ജീവിതത്തിന്റെ മരുപ്പൂ
തിരയുന്നവരോട്
ഒരപേക്ഷ
നിങ്ങൾക്ക് ലഭിക്കുമ്പോൾ
ഈയുള്ളവനേയും
അറിയിക്കണേ...

2011, മേയ് 3, ചൊവ്വാഴ്ച

നീ ഉൾക്കടലായപ്പോൾ ഞാൻ..

നീ എന്നെ വല്ലാതെ വിസ്മയിപ്പിക്കുന്നു
കരയെടുക്കുന്ന തിരമാലകളില്ലാതെ
മുഴങ്ങുന്ന ഹുംങ്കാരങ്ങളില്ലാതെ
കുഞ്ഞോളങ്ങളുമായി..
നിനക്കിതെങ്ങിനെ കഴിയുന്നു.

ഇന്നലേയും കൂടി ടെലിഫോണിലൂടെ
ആഞ്ഞടിച്ച അക്കപെരുക്കങ്ങളുടെ
എന്റെ കടലിലെ
ക്ഷോഭിച്ച തിരകളെടുത്തത്
ജീവിതത്തിന്റെ പച്ചപ്പുള്ള
ഒരു തുരുത്തിനെയായിരുന്നു
പാലങ്ങൾ തീർത്ത്
വൻകരയോട് ചേർന്ന് നിന്നിരുന്ന
ഒരു കുഞ്ഞ് തുരുത്തിനെ.

അതിജീവനത്തിന്റെ കേവുഭാരവുമായി
നിന്റെ നെഞ്ചകങ്ങൾ താണ്ടിയ
പ്രതീക്ഷകളുടെ
ചവർപ്പാർന്ന ഉപ്പറിഞ്ഞ്
ഞങ്ങളുടെ ഹൃദയത്തിന്റെ
ഉൾക്കടലിലേക്ക് കൈനീട്ടി
മൗനത്തിന്റെ വിശാലതയിൽ
മൃദുവായ പദചലനങ്ങളോടെ..
നിനക്കിതെങ്ങിനെ കഴിയുന്നു.

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ...

2011, ഏപ്രിൽ 12, ചൊവ്വാഴ്ച

ഇന്നലെകളില്ലാത്ത നാളെകൾ

കലണ്ടറിലെ ചുവപ്പും കറുപ്പും
കളങ്ങളിൽ ചത്തുകിടക്കുന്ന
ഇന്നുകളേയും നാളെകളെയും
തണുപ്പിച്ച് ക്യൂബുകളാക്കി
ഗ്രിഗറി മുത്തപ്പനൊപ്പം
അലിയിക്കുമ്പോൾ
ഞാൻ ഇന്നുകളിലായിരുന്നു
നാളെകളില്ലാത്ത ഇന്നുകളിൽ
ഗ്രിഗറി മുത്തപ്പനാകട്ടെ
ഒന്നാം യാമത്തിലെ
നിലനില്പ്പിന്റെ ഇന്നുകളുടെ
പതിവു കഥകളിലും.

മേശപ്പുറം നിറയുന്ന
അസ്ഥിത്വം തേടുന്ന വരപ്പുകളും
ഫയലുകൾ നിറയുന്ന അസ്ഥിരതയുടെ
വിശദീകരണ കുറിപ്പുകളും കടന്ന്
പ്രോജക്റ്റ് കംമ്പ്ലീഷെനെന്ന
മഹാമേരുവിൽ വെന്നിക്കൊടി നാട്ടി
ഗ്രിഗറി മുത്തപ്പൻ മൂന്നാംയാമത്തിലെ
അവസാന കഥയിലേക്കിറങ്ങുമ്പോൾ
ഞാൻ നാളെകളിലേക്ക്
വീണുപോകുകയായിരുന്നു.

വീടു ലോണും പോളിസികളും
ലീഡേഴ്സ് കുറീസും പറ്റുപുസ്തകങ്ങളും
മക്കളുടെ സ്കൂളും ആശുപത്രികളും
അനിയനിൽ അടിച്ചേല്പ്പിച്ച പ്രതീക്ഷകളും
അടച്ചു തീരാത്ത ബില്ലുകളും
പങ്കിട്ടെടുക്കുന്ന നാളെകളിലേക്ക്
ഞാൻ വീഴുംമ്പോൾ
മുൻപേ പോയൊരാൾ
കല്ലറയിൽ ചിരിക്കുന്നു.

ഐസ് ക്യൂബുകൾ തീർന്നു
പിന്നെയും നാളെയുടെ
കളങ്ങൾ ബാക്കികിടക്കുന്നു
ഇനി ബാക്കി നാളെയാവാം
ഗ്രിഗറി മുത്തപ്പനൊപ്പം ഉണരാം
ഇന്നലെകളില്ലാത്ത നാളെകളിൽ.

2011, മാർച്ച് 19, ശനിയാഴ്‌ച

വട്ടങ്ങളും ചതുരങ്ങളും

ഇവിടെ ഈ നഗരത്തിൽ നിറയെ
വട്ടങ്ങളും ചതുരങ്ങളുമാണ്‌

ഒരൊറ്റ തിരിച്ചുകറക്കലിലൂടെ
മരുഭൂമിയുടെ നരച്ച മൗനത്തിൽനിന്ന്
ജീവിതത്തിന്റെ മഴച്ചാറലിലേക്ക്
തിരിച്ചുകൊണ്ടുവരുന്ന വട്ടങ്ങൾ

നാലുവശത്തും അതിജീവനത്തിന്റെ
വാതായനങ്ങൾ തുറന്നിട്ടിട്ടുള്ള
അരികുകളിൽ പൂക്കളുള്ള
വട്ടങ്ങൾ

വേറേയും ചില വട്ടങ്ങളുണ്ട്
വശങ്ങളിലെ വാതിലുകൾ അടച്ച്
രക്ഷപെടാൻ അനുവദിക്കാതെ
മധ്യത്തിലെ ശൂന്യതയിലേക്ക്
വലിച്ചെടുക്കുന്ന വട്ടങ്ങൾ

പിന്നെയുള്ളത് ചതുരങ്ങളാണ്‌
പച്ചയ്ക്കും ചുവപ്പിനുമിടയിലെ
ഒരു പിടച്ചിലിനൊടുവിൽ
ആറായിരം റിയാലിന്റെ
മഞ്ഞിച്ച വിഹ്വലതയിൽ
ജീവിതത്തിന്റെ അഗ്നികോണുകളെ
തൊട്ടുകിടക്കുന്ന ചതുരങ്ങൾ

മറ്റൊരിടത്ത് ചായക്കൂട്ടുകളണിഞ്ഞ
ചതുരങ്ങൾ അടുക്കിവെച്ചിരിക്കുകയാണ്‌
ആ ചതുരങ്ങൾക്കുള്ളിൽ
ചലനശേഷി നഷ്ടപെട്ട
മഞ്ഞിന്റെ നീളൻ ചതുരങ്ങളെ
പേറുന്ന വെളുത്ത ചതുരങ്ങൾ.

പിന്നെയുള്ളത് ഹമദ് ആശുപത്രിയിലെ
മരവിച്ച ചതുരങ്ങളാണ്‌
ഈ തണുത്ത ചതുരങ്ങളെ
എനിക്കിഷ്ട്ടമല്ല
അതിൽനിന്ന് രക്ഷപെട്ടാലും
യാത്രയ്ക്ക് കൂട്ടായി വീണ്ടും
തകരത്തിന്റെ മറ്റൊരു
തണുത്ത ചതുരം

അതിനാൽ ഈയിടെയായി
ഞാൻ വട്ടങ്ങളെ ഇഷ്ട്ടപ്പെടാൻ
തുടങ്ങിയിരിക്കുന്നു
ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന
ജീവിതത്തിന്റെ തമോഗർത്തങ്ങളുള്ള
വട്ടങ്ങളെ.

2011, മാർച്ച് 9, ബുധനാഴ്‌ച

മരുഭൂമികളിൽ മഴപെയ്യുന്നത്

ഇവിടെ ഈന്തപ്പനകൾ
പൂക്കാൻ തുടങ്ങി
ഇളംമഞ്ഞനിറത്തിൽ
പഴുപ്പിക്കാനായുള്ള ഒരു
വേനലിനെ തേടി.

ടൗൺഹാളിന്റെ മതിൽകെട്ടിനകത്ത്
പൂമരച്ചോട്ടിൽ നാം
പരിഭവം പറഞ്ഞ
നിനക്കറിയുന്ന നമ്മുടെ
വേനലല്ല.

എയർകണ്ടീഷണറിന്റെ നനുത്ത
തണുപ്പിനപ്പുറവും എന്നെ
ബാഷ്പീകരിക്കുന്ന
ഘനീഭവിച്ച ഘനമുള്ള
ബാഷ്പമാക്കുന്ന വേനൽ.

വാച്ച് വാങ്ങിയാ അപ്പച്ചാ?..
മോനാണ്‌..അവന്‌ -
കൈയ്യിൽ കെട്ടി ബട്ടൺ അമർത്തിയാൽ
ആളോളുടെ രൂപം മാറ്റാൻ
പറ്റണ ശരിക്കുള്ള ബെൻ10 വാച്ച്
തന്നെ വേണംട്ടാ..അപ്പച്ചാ..

അവനറിയുന്നില്ലല്ലോ
വാച്ചുകെട്ടി ബട്ടണമർത്തി
അവന്റെ അപ്പൻ
പെയ്യാനൊരുങ്ങി ഇരുണ്ട്
ഒരു മേഘക്കീറായി
എല്ലാ ദിവസവും
അവന്റെ അടുത്തെത്തുന്നത്.

ഇന്നെനിക്ക്
പെയ്തേതീരൂ
ഊഷരതയുടെ
ആഴങ്ങളിൽ
ഉൾവലിവിന്റെ മൗനത്തോടെ.

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

കൊല്ലാതെ തിന്നുന്നവർ

ചത്തുമലച്ച്‌
മരവിച്ചതിനെ
തൊലിയുരിച്ച്‌
വെട്ടിക്കൂട്ടുമ്പോൾ
ഒരു തീവണ്ടിയുടെ ഛഡ്‌.. ഘഡ്ഡാ
താളം കൂട്ടുവരുന്നു.

വെട്ടുകത്തി കൊണ്ട്‌
അറ്റുപോയ ഇടതുകൈതണ്ടയിൽ
മാസ്കിങ്ങ്‌ ടേപ്പ്‌ ഒട്ടിച്ചിരിക്കുകയാണ്‌
ചെഞ്ചോര ചാടാതിരിക്കാനല്ല
നുരയ്ക്കുന്ന പുഴുക്കൾ
പുറത്തു ചാടാതിരിക്കട്ടെ

പ്രഷർകുക്കറിന്റെ വിസിലിനു
തീവണ്ടിയുടെ ചൂളംവിളിയുടെ
അതേ സ്വരം
അവസാനം തീൻമേശയിലെത്തിയപ്പൊൾ
കങ്ങി നീലിച്ച തുടകൾ
പുറത്തേക്കുന്തി നില്ക്കുന്നു

മനംപിരട്ടലിന്റെ ഓക്കാനവുമായി
എഴുന്നേല്ക്കാനൊരുങ്ങുമ്പോൾ
സാരമില്ലടാ കൊന്നപാപം
തിന്നാൽ തീരും
ബോഗിയിലെ സഹയാത്രികനായ
രാജേട്ടന്റെ സ്വരം

അതല്ലാ അച്ചായാ..
കൊല്ലുന്നവനറിയുന്നില്ലല്ലോ
തിന്നുന്നവന്റെ വേദന
ഇവിടെ കൊല്ലുന്നതൊരാൾ
തിന്നുന്നതോ??

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

എന്നെ തിരയുന്ന ഞാൻ

ഞാൻ എന്നെ തിരയേണ്ടതെവിടെ?
അമ്മയുടെ മടിത്തട്ടിലോ
അപ്പന്റെ കല്ലറയിലോ-
അതോ കെട്ടിയപെണ്ണിന്റെ
സംത്രാസങ്ങളിലോ?

ഇവിടെ നിലാവ് കോർണിഷിലേക്ക്*
ചാഞ്ഞുകിടക്കുകയാണ്‌
ഒരു ലാസ്യത്തിലെന്നപോലെ
ലോകജനതയാകെ കോർണിഷിൽ
ചിതറികിടക്കുകയാണ്‌
ഇവിടെയാണോ ഞാൻ എന്നെ തിരയേണ്ടത്
സമസ്യകൾക്കവസാനമില്ലാത്ത ഇവിടെ
ഞാൻ പ്രതീക്ഷിക്കേണ്ടതെന്ത്
ഒരു മയിൽപീലിതുണ്ട്-
ഒരു കുപ്പിവളപ്പൊട്ട്-

അവസാനത്തെ ഉത്സവാന്തരീക്ഷത്തിൽനിന്ന്
പറിച്ചെടുത്ത് മരുഭൂമിയിലേക്ക് എറിയപ്പെടുന്ന
അവസാനനിമിഷങ്ങളിൽ വെള്ളാരംകണ്ണുകളുടെ
ആഴങ്ങളിൽ ഞാൻ തിരഞ്ഞതും
എന്നെ തന്നെയല്ലേ

ഇന്നലെ കടുപ്പിച്ച കപ്പൂച്ചിനോക്കൊപ്പം
പരിചയപ്പെട്ട ലൂസിയുടെ
വാഴ്വിന്റെ ലാവകളിലും ഞാൻ
എന്നെ തിരയുകയായിരുന്നുവോ

ഈ നെപ്പോളിയൻ രാജാവ് നമ്മെ
വഴിനടത്തുന്നതെങ്ങോട്ട്
നീന്തുക നാം ഒഴുക്കിനൊപ്പം
അപ്പോഴും ഒരു പിൻവിളിയായ്
ഞാൻ എന്നെ തിരയേണ്ടതെവിടെ?

കോർണിഷ്* = കടൽതീരം

2011, ജനുവരി 24, തിങ്കളാഴ്‌ച

ഡിസ്ക്ക്‌ പോകുന്ന ഗൾഫ്കാരൻ

ഇന്നലെ ഒരു പ്രിയസുഹൃത്തിന്റെ കൂടെ ആശുപത്രിയിലായിരുന്നു.സുഹൃത്തിനെപറ്റി underlineഇട്ട്‌ പറഞ്ഞാൽ ഒരു ഗൾഫുകാരൻ lineഇടാതെ വളരെ നല്ലവൻ,സർവോപരി നല്ലൊരുകലാസ്വാദകൻ.(ടിയാൻ പണ്ട്‌ വാസന്തിയും ലക്ഷ്മിയും ..... സിനിമ കണ്ട്‌വന്ന്‌ പറഞ്ഞത്‌ "സാധാരണക്കാർക്ക്‌ OK എന്നെപോലുള്ളവർക്ക്‌ പോരാ" ഈ പടം ഇറങ്ങിയകാലത്തെ അവന്റെ ഒരു കമന്റ്‌ ഓർമിച്ചെന്നുമാത്രം.അതിനുശേഷം കേച്ചേരിപുഴയിലൂടെ ഒരുപാട്‌ വെള്ളം ഒഴുകിപോയി കലങ്ങിയും അല്ലാതെയും.

ഇവനെ ചെറുപ്പത്തിലേ ഒരു മഹാരോഗം കലശലായി അലട്ടിയിരുന്നു "വിശപ്പിന്റെ അസുഖം".അന്തകാലത്ത്‌ ഒരു മൂന്നു കല്യാണംവരെയൊക്കെ ആശാൻ സിംപിളായി വെറും രണ്ടേ രണ്ട്‌ "പുതിൻഹര"യുടെ സഹായത്താൽ ഒരേ ദിവസം പങ്കെടുത്തു വിജയിപ്പിക്കുമായിരുന്നു.ഇപ്പൊൾ ഇവിടെ ഖത്തറിൽ വന്നതിനുശേഷം മേൽപറഞ്ഞ അസുഖത്തിനു നല്ല ശമനമുണ്ടെന്നാണ്‌ പുള്ളിക്കാരന്റെ സാക്ഷ്യം.സാക്ഷ്യമല്ല അസുഖം മാറിയതിന്റെ ജീവിക്കുന്ന അടയാളംതന്നെ.

ഇവിടെ അവന്‌ പല്ലുപോയ ഒരു consultancy സ്ഥാപനത്തിൽ വരപ്പാണ്‌ പണി.പല്ലുപോയതുകൊണ്ടാണോന്നറിയില്ല കടിക്കിപ്പോൾ പഴയ ശൗര്യവുമില്ല പുതിയതൊന്നും കടിക്കാൻ കിട്ടുന്നുമില്ല.അതിനാൽ പണിക്കാരെയെല്ലാം ഒന്നു രണ്ടു വർഷമായി യഥേഷ്ടം സൈബർവലയിൽ മേയാൻ വിട്ടിരിക്കുന്ന ഒരു മുതലാളി.മുതലാളിയാണെങ്കിൽ കുളിച്ചില്ലേലും കോണകം പുരപ്പുറത്തിടണമെന്ന നിർബന്ധബുദ്ധിക്കാരനും.എന്തായാലും നമ്മുടെ ആൾ very happy.അങ്ങിനെ സസുഖം മൂന്നുനേരം ബിരിയാണിയോ അതോ നെയ്ച്ചോറോ എന്ന കുഴഞ്ഞുമറിഞ്ഞ പ്രശനങ്ങൾക്ക്‌ സൈബർവലയിലൂടെ ഉത്തരം കണ്ടുപിടിച്ച്‌ പരമാവധി നടപ്പാക്കുകയും ചെയ്തുപോന്നു കക്ഷി.ഇതിനെല്ലാം കുടപിടിക്കാൻ ഇതേ അസുഖമുള്ള പൊണ്ടാട്ടിയും ചേർന്നപ്പോൾ സംഗതി കുശാൽ.പിന്നെ ഉള്ളതു പറയണമല്ലോ നമ്മളെപോലെ ധൂമപാനം,സുരപാനം ഇത്യാദി കലകളിലൊന്നും ആൾക്കൊരു താത്പര്യവുമില്ലാ.മുൻപൊരിക്കൽ സുരപാനം നടത്തി അൽബിദാ പാർക്കിൽപോയി പുല്ലുപറച്ചിടത്ത്‌ പിന്നെ ഇതുവരെ പുല്ല്‌ കിളിച്ചിട്ടില്ല.

അങ്ങിനെയിരിക്കുമ്പോഴാണ്‌ ആശാണ്‌ നടുവേദന കലശിലായത്‌.ഇരിക്കാനും നടക്കാനും വയ്യാത്ത അവസ്ഥ(കിടക്കാൻ കുഴപ്പമില്ല!!).എന്റെ സംശയം ആരുടെ മുന്നിലും നടുവളയ്ക്കാത്ത സ്വഭാവം (?) കാരണം നടുവ്‌ അതിന്റെ സ്വഭാവികച്ചലനങ്ങൾ മറന്നതാവുമെന്നാണ്‌.എന്നാൽ പെണ്ണുകെട്ടിയതിന്റെ അന്നുമുതൽ അവന്‌ നട്ടെല്ലില്ലാതായെന്നാണ്‌ അവന്റെ ഉമ്മായുടെ കണ്ടെത്തെൽ.എന്തായാലും അപ്പോത്തിക്കരി കാരണം കണ്ടുപിടിച്ചു.

മോനേ.. നിന്റെ രണ്ട്‌ ഡിസ്ക്‌ പോയി......

അല്ല പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.75kg.ക്ക്‌ സെറ്റ്‌ ചെയ്തിരിക്കുന്ന പാവം ഡിസ്ക്‌ 125kg.എത്രകാലം താങ്ങും.അവസാനം തീരെ മോശമായ ഒന്ന്‌ എടുത്തുമാറ്റി പകരം ആനയുടെ ഡിസ്ക്ക്‌(?) വെക്കാമെന്ന്‌ തീരുമാനമായി.

ഇന്ന്‌ ഓപ്പറേഷനായിരുന്നു.മുറിച്ചുമാറ്റിയ ഡിസ്ക്‌ ഒരു പ്ലാസ്റ്റിക്ക്‌ ഡപ്പിയിലും ആനഡിസ്ക്ക്‌(?) അരക്കെട്ടിലും ഫിറ്റുചെയ്ത്‌ ആൾ ഡീസന്റായി ആശുപത്രി മുറിയിൽ തിരിച്ചെത്തി.ഞാനും ഒന്നു രണ്ടു സുഹൃത്തുക്കളും അടുത്തുണ്ട്‌.സെഡേഷനിൽ നിന്നെല്ലാം ഉണർന്ന്‌ ----പോയ അണ്ണാന്റെ(എല്ലാണേ!)കൂട്ട്‌ operation കഥകളൊക്കെ പറഞ്ഞ്കിടക്കുമ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോൺ. ഞാനെടുത്തു.

ഹലോ...
ആ.. ആ.. ഹലോ
എന്തായി ആള്‌ പുറത്തുവന്നാ..
ആ വന്നു... വന്നു...റൂമിലെത്തി.
( ആരാ... captനാ... handfree ഇട്‌)
എങ്ങിനെയുണ്ട്‌ ആൾക്ക്‌....
ആ കുഴപ്പമില്ലന്നാ തോന്നണേ...
ബോധം വന്നാ.....
എന്തൂട്ടന്ന്‌......
ടാ.. ബോധം വന്നോന്ന്‌.....
ആ.. ആ... വന്നു..വന്നു.. മൂന്നുനേരം നെയ്ച്ചോറും തിന്ന്‌ ദേഹനങ്ങാണ്ട്‌ ഒരു രണ്ട്‌ കൊല്ലം കുത്തിരുന്നാൽ ഡിസ്ക്കിന്റെ എണ്ണം കുറയുന്ന്‌ ബോധം വന്നു.... പോടാ........
(അവസാനത്തെ ഡയലോഗ്‌ നമ്മുടെ രോഗിയുടേതാണെന്ന്‌ പ്രത്യേകം പറയേണ്ടല്ലോ അല്ലേ.)

2011, ജനുവരി 1, ശനിയാഴ്‌ച

പരാജിതന്റെ സുവിശേഷം.

അങ്ങിനെ നിനക്കു പ്രിയപെട്ട ഡിസംബറും
കടന്നുപോയ്.
മനസ്സിലെ നക്ഷത്രവിളക്കുകളിൽ അണയ്ക്കാൻ
ബാക്കിയായവകൂടി അണച്ചുകൊള്ളുക.
ഈയൊരു പുതുവർഷത്തിൽ ഞാനൊരല്പം
ഉറക്കെ ചിന്തിക്കുവാൻ നിർബന്ധിതനാകുന്നു.
ഒരുപക്ഷെ എന്റെ സ്വാർത്ഥതയാകാം
എന്നിരുന്നാലും നമ്മിൽ അവശേഷിക്കുന്നതെന്ത്
എന്നറിയാൻ ഒരു കൗതുകം.

ആശാവഹമായ ഒരു കാത്തിരിപ്പിനൊടുവിൽ
പൊടുന്നനെ കടന്നുവന്ന ശൂന്യമായ അന്തരീക്ഷവും
പ്രതീക്ഷാനിർഭരമായ ചിന്തകൾക്കൊപ്പം തികട്ടിവരുന്ന
എന്നോടുതന്നെയുള്ള അവജ്ഞയും ചേർന്ന്
ഒരു കുമ്പസാരത്തിന്‌ എന്നെ പ്രേരിപ്പിക്കുകയാണ്‌
എന്റെ പിഴ - എന്റെ പിഴ
എന്റെ വലിയ പിഴ.

മനസ്സിനെ കല്ലാക്കാൻ ശ്രമിക്കുകയാണ്‌ ഞാൻ
ഒരിക്കലും മുറിപ്പെടാത്ത ഒന്നാക്കാൻ.
ഒരുപക്ഷെ അതൊരു സ്വപ്നമായി
അവശേഷിക്കുമെങ്കിലും,
ഉണങ്ങാത്ത പഴയ മുറിപ്പാടുകളിൽ ഞാൻ
ഉപ്പു പരലുകൾ പരീക്ഷിച്ചു നോക്കുന്നുണ്ട്.
അപ്പോഴെല്ലാം അവാച്യമായൊരാനന്ദം എന്നെ
ചൂഴ്ന്നുനില്ക്കുന്നു.
ചിലപ്പോൾ വേദനയുടെ സംഭ്രമാജനകമായ
അവസാന അവസ്ഥയാകാം അത്
എന്നിരുന്നാലും ഞാൻ സംതൃപ്തനാണ്‌ ?.

കാര്യങ്ങൾ യഥാതഥമായ് കാണാൻ ശ്രമിക്കുമ്പോൾ,
പരാജയം പരാജയമായിതന്നെ (അതാരുടേതായാലും)
കാണാൻ കഴിയുന്നുണ്ടെങ്കിലും,
വച്ചോട്ടെ ഞാനീ ഉതിർന്ന രണ്ടു ദലങ്ങൾ
നിരാശയുടെ കുഴിമാടത്തിനരുകിൽ.
ഹൃദയാകാരം പൂണ്ട പ്രേമോപഹാരത്തിനു പകരം
നിനക്കു ഞാൻ സമ്മാനിക്കുന്ന്ത്
ഒരുപിടി മണൽപൂക്കൾ,
ഒരുപാട് വേനലുകൾ കടന്നുപോയിട്ടും ബാക്കിയായ
വരണ്ട മണൽപൂക്കൾ.